ഈ വർഷം കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേർ

ഹരിദ്വാർ : കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടെ വെള്ളിയാഴ്ച അവസാനിച്ച ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം പേര്‍. മേളയില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഏകദേശം രണ്ട് ലക്ഷത്തോളം പേരില്‍ നടത്തിയ പരിശോധനകളില്‍ 2,600 ഓളം പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 12, 14, 27 തിയ്യതികളില്‍ മൂന്ന് സ്‌നാനങ്ങള്‍ നടന്നെങ്കിലും അവസാനത്തേത് പ്രതീകാത്മക ചടങ്ങാക്കി ചുരുക്കി.

കോവിഡ് വ്യാപനത്തിനുകുംഭമേള വലിയ വെല്ലുവിളിയായെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ എസ് കെ ഝാ പറഞ്ഞു. മുന്‍കാലത്തെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ജനക്കൂട്ടമെന്ന നിലയില്‍ സാമൂഹിക അകലത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് വെല്ലുവിളിയായെന്ന് കുംഭയിലെ മെഡിക്കല്‍ ഓഫിസര്‍ അര്‍ജുന്‍ സിങ് സെംഗര്‍ പറഞ്ഞു. പരിശോധന നടത്താന്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും ഏപ്രില്‍ 14 ന് നടന്ന രണ്ടാമത്തെ ഷാഹി സ്‌നാനിനുശേഷം അവര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്ന് ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഞങ്ങള്‍ 1,900,83 പരിശോധനകള്‍ നടത്തി. ഇതില്‍ 2642 പേര്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിഷേധം ഉയരുകയും കുംഭമേളയിലെ തങ്ങളുടെ പ്രാതിനിധ്യം പ്രതീകാത്മകമായി നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെയാണ് നിരവധി അഖാഡകള്‍ പിന്‍മാറിയത്.