ഹൈദരാബാദ് മൃഗശാലയിലെ എട്ടു സിംഹങ്ങള്‍ക്ക് കോവിഡ്

ഹൈദരാബാദ്: ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ടു സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. എട്ട് ഏഷ്യാറ്റിക് സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വരണ്ട ചുമ, മൂക്കൊലിപ്പ്, വിശപ്പ് കുറവ് എന്നീ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധന നടത്തിയത്.

എ 2 എ പ്രോട്ടോടൈപ്പ് മൂലമുണ്ടായ നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ സിംഹങ്ങളില്‍ രോഗം ബാധിച്ചിട്ടുണ്ടെന്ന് സിസിഎംബ് ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. അതേസമയം യുകെ വേരിയന്റോ അതിലും മാരകമായ ഇന്ത്യന്‍ വേരിന്റായ B.1.617 ബാധിച്ചിട്ടില്ലെന്ന് ജീനോം സീക്വന്‍സ് വെളിപ്പെടുത്തി. നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്ന കെയര്‍ ടേക്കര്‍മാരില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ വൈറസ് ബാധിച്ച സിംഹങ്ങളെ ഐസലേഷനില്‍ പ്രവേശിപ്പിക്കുകയും അവയെ പരിപാലിക്കുന്ന സൂ കീപ്പര്‍മാരോട് മാസ്‌ക് ധരിക്കണമെന്നും മറ്റ് സുരക്ഷ ക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയായി നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മൃഗശാലയിലെ മറ്റു മൃഗങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

പതിവായി നടത്തുന്ന പരിശോധനകള്‍ നടത്താനും മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം അണുവിമുക്തമാക്കാനും മൃഗശാല അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ലോകത്ത് ആദ്യമായല്ല. 2020 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ നാലു വയസ്സുള്ള കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ കോവിഡില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല. എന്നാല്‍ മൃഗങ്ങള്‍ക്കായി റഷ്യ േആന്റി കോവിഡ് വാക്‌സിനായ കാര്‍ണിവക്-കോവിന്റെ ഉത്പാദനം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍രെ ആദ്യ ബാച്ച്‌ 20,000 ഡോസ് വാക്‌സിനുകള്‍ റഷ്യയ്ക്കുള്ളില്‍ കാര്‍ഷിക ഉടമകള്‍ക്ക് വിതരണം ചെയ്യും.