പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ച്‌ ആയിരുന്നു അന്ത്യം. പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ പെട്ടെന്നുള്ള ദേഹവിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.

മോഹന്‍ലാൽ -പ്രിയദർശൻ കൂട്ടുകെട്ടിന്റെ ചിത്രമായ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ആനന്ദ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി. തേന്‍മാവിന്‍ കൊമ്പത്ത് എന്ന് ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആണ്. ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ ആരംഭിച്ചത്. ദേവര്‍ മകന്‍, തിരുടാ തിരുടി തുടങ്ങിയ ചിത്രങ്ങളില്‍ സഹ ഛായാഗ്രാഹകന്‍ ആയി.

2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകന്‍ ആയി. അയന്‍, കോ, മാട്രാന്‍, കാവന്‍, കാപ്പാന്‍ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ ഒന്നിച്ച കാപ്പാന്‍ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.