പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നിലവിലെ സാഹചര്യത്തില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റ് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. സിബിഎസ്‌ഇ പരീക്ഷ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച കണക്കുകള്‍ വന്ന ശേഷം മാത്രമെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.എസ്.എല്‍.സി, എസ്.എല്‍.എസ് സി( എച്ച്‌ ഐ), ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി( എച്ച്‌ ഐ), എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച്‌ സേ പരീക്ഷ നടത്തുമെന്നും രവീന്ദ്ര നാഥ് അറിയിച്ചു.

പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ എഴുത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകള്‍ റെഗുലറായി എഴുതാന്‍ അവസരമുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു