ഡി.ജി.സി.എ മേധാവി അരുണ്‍ കുമാറിനെ മാറ്റണമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാർ

മുംബൈ : ഡി.ജി.സി.എ മേധാവി അരുണ്‍ കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍ രംഗത്ത്. ഇതുസംബന്ധിച്ച്‌ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് യൂണിയനുകള്‍ ചേര്‍ന്ന് കത്ത് നല്‍കി.

കരിപ്പൂ‌ര്‍ വിമാന ദുരന്തത്തെക്കുറിച്ച്‌ മാദ്ധ്യമങ്ങളോട് അരുണ്‍ കുമാര്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് യൂണിയനുകള്‍ ചേര്‍ന്ന് കത്ത് നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 18 പേരാണ് മരിച്ചത്.

വിമാന ദുരന്തത്തെക്കുറിച്ചു മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാന്‍ഡിംഗ് മോശമായിരുന്നു എന്നതുള്‍പ്പെടെ അപക്വമായ പ്രതികരണങ്ങള്‍ അരുണ്‍ കുമാര്‍ നടത്തി. അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്ബോള്‍ അപകടത്തിന്റെ കാരണം ലാന്‍ഡിംഗിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.

അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തില്‍ ആരോപിക്കുന്നു. അതിനാല്‍ എത്രയും പെട്ടന്ന് അരുണ്‍ കുമാറിനെ ഡി.ജി.സി.എയുടെ ചുമതലയില്‍ നിന്നും നീക്കണമെന്ന് യൂണിയനുകള്‍ കത്തില്‍ ആവശ്യപ്പെട്ടു.