ലാലിഗയിൽ അലാവസിനെ 2-1നു അത്ലറ്റികോ മാഡ്രിഡ് തോൽപിച്ചു

മാഡ്രിഡ് : സ്പാനിഷ് ലാ ലീഗയില്‍ ഡപ്പാര്‍ട്ടീവോ അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്ന് ജയം കണ്ട് അത്ലറ്റികോ മാഡ്രിഡ്. നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ആണ് സിമിയോനിയുടെ ടീം. ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്ത് ഉള്ള സെവിയ്യയെക്കാള്‍ 4 പോയിന്റുകള്‍ മുന്നില്‍ എത്താനും അവര്‍ക്ക് ആയി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ട്രിപ്പിയറിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ സോള്‍ നിഗ്വസ് ആണ് 59 മിനിറ്റില്‍ അത്ലറ്റികോയുടെ ആദ്യ ഗോള്‍ നേടുന്നത്. സോള്‍ ഗോള്‍ നേടിയ മത്സരങ്ങളില്‍ അത്ലറ്റികോ ഇത് വരെ തോറ്റിട്ടില്ലെന്ന പതിവ് ഇത്തവണയും തുടര്‍ന്നു.

73 മത്തെ മിനിറ്റില്‍ മാര്‍ക്കോസ് യോറന്റെയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യം കണ്ട ഡീഗോ കോസ്റ്റ അത്ലറ്റികോ മാഡ്രിഡിന്റെ ജയം ഉറപ്പിച്ചു. മത്സരത്തിലെ അവസാന നിമിഷങ്ങളില്‍ ഇഞ്ച്വറി ടൈമില്‍ 93 മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യം കണ്ട ഹോസെലു ആണ് ഡപ്പാര്‍ട്ടീവോ അലാവസിന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. ജയം അത്ലറ്റികോ മാഡ്രിഡിന് ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ സഹായകമാവും. അതേസമയം പരാജയം വഴങ്ങിയ ഡപ്പാര്‍ട്ടീവോ ലീഗില്‍ 15 മത്തെ സ്ഥാനത്ത് ആണ്.