ട്രെയിനിൽ യുവതിയെ ആക്രമിച്ച ബാബുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി നടക്കുന്ന തിരച്ചിലിനൊടുവിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ചിറ്റാര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാര്‍ ഈട്ടിച്ചുവടില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്.ബാബുക്കുട്ടനെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചിറ്റാര്‍ പോലീസ് പ്രതിയെ റെയില്‍വേ പോലീസിന് കൈമാറും.

കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കാഞ്ഞിരമറ്റം ഒലിപ്പുറത്ത് ട്രെയിന്‍ എത്തിയപ്പോള്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ കയറിയ പ്രതി യുവതിയെ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് മൊബൈല്‍ ഫോണും, ആഭരണങ്ങളും കവര്‍ന്നു. അക്രമിയില്‍ നിന്നും രക്ഷപെടാന്‍ യുവതി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.