പിണറായി 2.0 മന്ത്രിസഭാംഗൾക്കായുള്ള ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം : പിണറായി 2.0 മന്ത്രിസഭാംഗൾക്കായുള്ള ചർച്ചകൾ തുടങ്ങി. മന്ത്രിസഭയിലേക്കുള്ള ആദ്യ ഡിമാൻഡ് വച്ചത് ഇന്നലെ രാവിലെ 8.30നു മുമ്പുതന്നെ ജോസ് കെ മാണി ആയിരുന്നു. കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊ .എൻ ജയരാജിനേയും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനേയുമാണ് ജോസ് കെ മാണി മന്ത്രിമാരായി നിർദ്ദേശിച്ചത്.

പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി നേതൃത്വം. ഇന്ന് രാവിലെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭയുടെ ഘടന സംബന്ധിച്ച ചര്‍ച്ചയിലേക്ക് കടക്കും. പിന്നാലെ സി.പി.ഐയും, മറ്റ് ഘടകകക്ഷികളുമായുമുള്ള ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിക്കും.

ഇടതുമുന്നണി യോഗവും വൈകാതെ ചേരും. സി.പി.ഐ നേതൃയോഗം അടുത്ത ദിവസങ്ങളില്‍ ചേരുമെന്നാണ് സൂചന.

ഇരുപത് മന്ത്രിമാരാണ് നിലവിലിരുന്ന മന്ത്രിസഭയില്‍. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 വരെയാകാം. മിക്കവാറും ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സാഹചര്യത്തില്‍ ഏതൊക്കെ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് തീരുമാനിക്കണം.. സി.പി.എമ്മിന് 67ഉം സി.പി.ഐക്ക് 17ഉം എം.എല്‍.എമാരുണ്ട്. രണ്ട് പാര്‍ട്ടികളും ചേരുമ്പോള്‍ കേവലഭൂരിപക്ഷമായി. അവര്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന നിലപാടാകും നിര്‍ണായകം.

നൂറ് സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ 2006ലെ ഇടതുസര്‍ക്കാരില്‍ ഒറ്റ എം.എല്‍.എ മാത്രമുണ്ടായിരുന്ന കക്ഷികള്‍ക്ക് ആദ്യഘട്ടത്തില്‍ മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. അവസാനഘട്ടത്തില്‍ ഒരു വര്‍ഷത്തേക്ക് കോണ്‍ഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രനെ മന്ത്രിയാക്കി. ഇത്തവണ ഒറ്റ എം.എല്‍.എയുള്ള കക്ഷികളുടെ എണ്ണം അഞ്ചാണ്. ലോക് താന്ത്രിക് ജനതാദള്‍, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്-ബി, കോണ്‍ഗ്രസ്-എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവ.

ജനതാദള്‍-എസിനും എന്‍.സി.പിക്കും രണ്ട് പേര്‍ വീതവും,. കേരള കോണ്‍ഗ്രസ്-എമ്മിന് അഞ്ച് പേരുമുണ്ട്. ഒരംഗം വീതമുള്ള കക്ഷികളെ ഒഴിവാക്കിയേക്കും. കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമേ മറ്റേതെങ്കിലും പദവി നല്‍കുമെന്ന് അഭ്യൂഹങ്ങളുയരുന്നു. ജനതാദള്‍-എസിനും എന്‍.സി.പിക്കും ഓരോ മന്ത്രിയെ ലഭിച്ചേക്കാം. കഴിഞ്ഞ തവണയും തഴയപ്പെട്ടെന്ന പരിഗണനയില്‍ കേരള കോണ്‍ഗ്രസ്-ബിയിലെ ഗണേശ് കുമാറിന് ഒരവസരം നല്‍കുമെന്നും ശ്രുതിയുണ്ട്. ഐ.എന്‍.എല്ലും എല്‍.ജെ.ഡിയുമടക്കം മന്ത്രിസഭാ പ്രാതിനിദ്ധ്യമാവശ്യപ്പെട്ട് രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്.

സി.പി.എമ്മില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് വി.എന്‍. വാസവന്‍, എ.സി. മൊയ്തീന്‍, പി. നന്ദകുമാര്‍, സി.എച്ച്‌. കുഞ്ഞമ്ബു, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, വി.ജോയി തുടങ്ങിയ പേരുകള്‍ അന്തരീക്ഷത്തിലുയരുന്നു.

ആദ്യത്തെ വനിതാസ്പീക്കറെന്ന പരിവേഷത്തോടെ വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതകളും പ്രചരിക്കുന്നുണ്ട്. സി.പി.ഐയില്‍ മുന്‍മന്ത്രിമാരെ വീണ്ടും പരിഗണിക്കേണ്ടെന്ന തീരുമാനം നടപ്പായാല്‍ ഇ.ചന്ദ്രശേഖരന്‍ മാറ്റിനിറുത്തപ്പെടും. മുതിര്‍ന്ന അംഗം ഇ.കെ. വിജയന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാനകൗണ്‍സിലില്‍ നിന്ന് പി.എസ്. സുപാല്‍, ജി.ആര്‍. അനില്‍ തുടങ്ങിയ പേരുകള്‍ കേള്‍ക്കുന്നു.

കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു മന്ത്രി മാത്രമാണുള്ളതെങ്കിൽ റോഷി അഗസ്റ്റിനു മുന്‍തൂക്കം ലഭിക്കും.ആ സാഹചര്യത്തിൽ ജയരാജ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും.