ബാലഭാസകറിന്റെ മരണം, കേസ് സിബിഐ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സംസ്ഥാന സർക്കാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മരണത്തിൽ സ്വർണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതോടെ സ്വർണ്ണക്കടത്തുകേസ് പ്രതികളിലേക്ക് സിബിഐക്ക് എത്താൻ എളുപ്പവഴിയായി.കലാഭവൻ സോബി ജോർജ്ജിന്റെ മൊഴി ഇക്കാര്യത്തിൽ നിർണ്ണായകമാകും.സ്വർണ്ണക്കടത്തുകേസിൽ ഒന്നാംപ്രതിയായ സരിത്ത്‌ ബാലഭാസകറിന്റെ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നു എന്ന സോബിജോർജിന്റെ ഒറ്റ മൊഴിമതി സിബിഐക്ക് അവരിലേക്കെത്താൻ. അതുകൊണ്ടാവണം സോബി ജോർജ്ജിന് സ്വപ്‌നയിൽ നിന്നും വധഭീഷണിയുണ്ടായി എന്ന ആരോപണം പ്രസക്തമാകുന്നത്.സോബിയുടെ പരാതിയിൽ കേരളാപോലീസിന്റെ നിഷ്‌ക്രിയത്വം ശ്രദ്ധേയമാണ്.

ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേർന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നി​ഗമനം.

വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്കർ ആണെന്നാണ് അർജുൻ പൊലീസിൽ പറഞ്ഞത്.

അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‍കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‍കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്‍റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു