CBSE മൂല്യ നിർണ്ണയത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താംക്ളാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതിനാല്‍ സ്കൂളില്‍ നടത്തിയ പ്രീ-ബോര്‍ഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അര്‍ദ്ധവാര്‍ഷിക പരീക്ഷ, ഇന്റേണല്‍ അസസ്മെന്റ് തുടങ്ങിയവയുടെ മാര്‍ക്ക് കണക്കാക്കി മൂല്യനിര്‍ണയം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 20ന് ഫലം പ്രഖ്യാപിക്കാനും സി.ബി.എസ്.ഇ തീരുമാനിച്ചു.

വിവിധ വിഷയങ്ങളില്‍ നടത്തിയ യൂണിറ്റ് ടെസ്റ്റുകളില്‍ നിന്ന് 10മാര്‍ക്കും അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ നിന്ന് 30 മാര്‍ക്കും പ്രീ-ബോര്‍ഡ് പരീക്ഷയില്‍ നിന്ന് 40മാര്‍ക്കും ഇന്റേണല്‍ അസസ്മെന്റ് വഴി 20 മാര്‍ക്കും ചേര്‍ത്താണ് മൂല്യ നിര്‍ണയം നടത്തുക.

മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ സി.ബി.എസ്.ഇ സ്കൂളുകളില്‍ പ്രിന്‍സിപ്പലും ഏഴ് അദ്ധ്യാപകരും ചേര്‍ന്ന ഇന്റേണല്‍ റിസള്‍ട്ട് കമ്മിറ്റി രൂപീകരിക്കണം. പരീക്ഷകള്‍ നടത്തിയിട്ടില്ലാത്ത സ്കൂളുകളില്‍ മൂല്യ നിര്‍ണയം വസ്തുനിഷ്ഠമായി നടത്തേണ്ട ചുമതല കമ്മിറ്റിക്കായിരിക്കും. മൂല്യ നിര്‍ണയം നടത്തിയശേഷം സ്കൂളുകള്‍ പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ അഞ്ചിനകവും ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകള്‍ ജൂണ്‍ 11നകവും ബോര്‍ഡിന് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 20ന് ഫലം പ്രഖ്യാപിക്കാനാണ് ആലോചന.