കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിൽ

ന്യൂഡല്‍ഹി: കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരപ്രവർത്തനം സജീവമെന്നും സെെബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം രാജ്യസഭയെ അറിയിച്ചു. ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്‍ ഐ എ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം‌ വ്യക്തമാക്കി. ഐസിസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇക്കഴിഞ്ഞ ജൂലായില്‍ കേരളത്തില്‍ ഐസിസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട്(എടിഎസ്) ഡി ജി പി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അല്‍-ഖ്വയ്ദയില്‍ പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.