ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കനത്ത ചൂട്

തിരുവനന്തപുരം: ഫെബ്രുവരി 14ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.ഈ സീസണിലെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 38.4 Oc ഗുൽബർഗ (കർണാടക ) ഇന്നലെ രേഖപ്പെടുത്തി. കേരളത്തിൽ ഇന്നലെ ഏറ്റവും കൂടിയ ചൂട് 37.3 Oc കണ്ണൂരിൽ.മംഗലാപുരം രേഖപ്പെടുത്തിയ 38 Oc (ജനുവരി 21&25) ആയിരുന്നു ഇതുവരെ ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളം പറയുന്നു.

സാധാരണ താപനിലയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ചൂടിനെ നേരിടുന്നതനായി ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 11 മുതൽ ഉച്ചക്കുശേഷം 3 മണി വരെയാണ് സൂര്യാഘാതം ഏൽക്കാനുള്ള ഏറ്റവും സാധ്യതയുള്ള സമയം. അയവുള്ള കോട്ടൺ തുണികളിലുള്ള ഡ്രസ്സ് ധരിക്കണം,ധാരാളം വെള്ളം കുടിക്കുക ,മദ്യം ഒഴിവാക്കുക .വളർത്തുമൃഗങ്ങൾക്കും ധാരാളം കുടിവെള്ളം നൽകുകയും അവയെ തണലിൽ കെട്ടുകയും വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിക്കുന്നു.