ഹോം ഗ്രൗണ്ടിൽ ചെൽസി സിറ്റിയെ 2-1നു തോൽപിച്ചു, കിരീടം ലിവർപൂളിന്

സ്റ്റാൻഫോർഡ്, ലണ്ടൻ : ഹോം ഗ്രൗണ്ടിൽ ചെൽസിക്ക് വിജയം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി തങ്ങളുടെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്. ഫെര്‍ണാഡിഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം പൂര്‍ത്തിയാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി കൂടുതല്‍ നേരം പന്ത് കൈവശം വെച്ചെങ്കിലും മികച്ച അവസരങ്ങള്‍ സൃഷിട്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധത്തിലെ ആശയകുഴപ്പം മുതലെടുത്ത് പുലിസിച്ച്‌ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ലോകോത്തര ഫ്രീകിക്ക് ഗോളിലൂടെ ഡി ബ്രൂയ്നെ മാഞ്ചസ്റ്റര്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. തുടര്‍ന്ന് ലീഡ് ഉയര്‍ത്താനുള്ള അവസരം ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. സ്റ്റെര്‍ലിങ്ങിന്റെ ശ്രമം പോസ്റ്റില്‍ തട്ടി തെറിക്കുകയും മറുവശത്ത് പുലിസിചിന്റെ ശ്രമം ഗോള്‍ ലൈനില്‍ നിന്ന് കെയ്ല്‍ വാള്‍ക്കര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് മത്സരം നിര്‍ണയിച്ച പെനാല്‍റ്റി വന്നത്. ചെല്‍സി താരം ടാമി അബ്രഹാമിന്റെ ഗോള്‍ ശ്രമം ഫെര്‍ണാഡിഞ്ഞോ കൈ കൊണ്ട് തടയുകയായിരുന്നു. തുടര്‍ന്ന് റഫറി താരത്തിന് ചുവപ്പ് കാര്‍ഡും ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റിയും വിധിച്ചു. തുടര്‍ന്ന് പെനാല്‍റ്റിയെടുത്ത വില്യന്‍ ചെല്‍സിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ചെല്‍സി ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി.