ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്നു ചൈന

ബെയ്‌ജിങ്‌ : ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ ചൈന രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യ മര്യാദകള്‍ പാലിക്കണമെന്നും ചൈന വ്യക്തമാക്കി. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തെ ഇത് ബാധിക്കുമെന്നും ചൈനീസ് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അറിയിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഇവിടെ പ്രവര്‍ത്തിച്ചതെന്നും ടിക് ടോക് അധികൃതര്‍ പറഞ്ഞു. ഇന്നലെയാണ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.