ഇ- മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി; പ്രതിപക്ഷാരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം : ഇ- മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാറിനെച്ചൊല്ലിയടക്കം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ മുഖ്യമന്ത്രിയുടെ മറുപടി. അടിസ്‌ഥാനരഹിതമായ ആരോപണമാണ്‌ പ്രതിപക്ഷ നേതാവ്‌ ഉന്നയിക്കുന്നതെന്നും ഇതെല്ലാം അനവസരത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനം വിളിച്ച്‌ ആരോപണം ഉന്നയിച്ചശേഷം കുറച്ചു ദിവസം ചര്‍ച്ചയാക്കുന്നും ഒന്നും തെളിയിക്കാനാകാതെ വരുമ്പോള്‍ തിരുത്തിപ്പറയുന്നതുമാണ്‌ പ്രതിപക്ഷ നതാവിന്റെ രീതിയെന്ന്‌ അദ്ദേഹം പറഞ്ഞു.

മൊബിലിറ്റി ഹബ്‌ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നല്‍കിയ കണ്‍സള്‍ട്ടന്‍സി കരാര്‍ ആരോപണം സര്‍ക്കാര്‍ അവഗണിക്കുന്നില്ല. ദുരാരോപണങ്ങളും കുപ്രചാരണവും കൊണ്ട്‌ ഇറങ്ങിത്തിരിക്കുന്നത്‌ ജനങ്ങള്‍ക്കും നാടിനും നല്ലതല്ല. ഇ-മൊബിലിറ്റി സര്‍ക്കാറിന്റെ നയമാണ്‌. 2022 ആകുമ്ബോഴേക്കും 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനാണ്‌ ആലോചന.

പ്രതിപക്ഷ നേതാവ്‌ പരാമര്‍ശിച്ച പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപ്പേഴ്‌സ്‌ ( Price Water House Coopers PWC) എന്ന സ്‌ഥാപനം കേന്ദ്ര സര്‍ക്കാരിന്റെ ഇലക്രേ്‌ടാണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്റര്‍ സര്‍വീസസ്‌ ഇന്‍കോര്‍പ്പറേറ്റഡ്‌ (NICSI) എംപാനൽ ചെയ്‌തിട്ടുള്ള സ്‌ഥാപനമാണ്‌. സെബി വിലക്കിയ കമ്പനിക്കാണ്‌ കരാര്‍ കൊടുത്തതെന്ന ആരോപണവും അടിസ്‌ഥാന രഹിതമാണ്‌. വിലക്കുണ്ടെന്ന്‌ പറയുന്നത്‌ ഈ കമ്പനിയുമായി പേരിൽ സമാനതയുള്ള മറ്റൊരു ഓഡിറ്റ്‌ കമ്പനിക്കാണെന്ന്‌ അദ്ദേഹം പറഞ്ഞു.