ലഡാക്കിൽ ഇന്ന് ഇന്ത്യ-ചൈന സൈന്യങ്ങളുടെ കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ച

ലഡാക്ക് : നിയന്ത്രണരേഖയിലെ ചുശൂല്‍ പോയിന്റില്‍ ഇന്ത്യ-ചൈന സൈന്യങ്ങളുടെ മൂന്നാംവട്ട കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യന്‍ ഭാഗത്ത് നിന്ന് 14 കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്.ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനീസ് ഭാഗത്ത് നിന്ന് സൗത്ത് സിംഗ്ജിയാങ് മിലിട്ടറി റീജിയണ്‍ കമാന്‍ഡ് മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മിലാണ് ചര്‍ച്ച. ജൂണ്‍ ആറിനും 22നും കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ച നടന്നത് ചൈനീസ് ഭാഗമായ മോള്‍ഡോയിലാണ്.

ജൂണ്‍ 6ന്റെ ആദ്യ യോഗത്തില്‍ തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനും ടെന്റുകളും നിര്‍മ്മിതികളും നീക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ചൈന തയ്യാറാകാതെ വന്ന സാഹചര്യത്തില്‍ ഇന്ത്യന്‍സൈനികര്‍ ഇവ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോളാണ് ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലുണ്ടായത്. ജൂണ്‍ 22ന്റെ യോഗത്തിലും പിന്‍വാങ്ങാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരു സൈന്യങ്ങളും തങ്ങളുടെ പ്രദേശങ്ങളില്‍ വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു