എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം

കൊച്ചി : സംസ്ഥാനത്ത് ഇന്നലെ നടന്ന കേരള എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. പലയിടത്തും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം ആശങ്ക പടര്‍ത്തുന്നതിനിടേയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരത്താണ്. മുമ്പ് ഏപ്രില്‍ 20 ന് ആണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.കൊവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചാകും പരീക്ഷ നടത്തുകയെന്നും രണ്ട് ദിവസമായി നടത്തുന്ന പരീക്ഷ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ദിവസം കൊണ്ട് തന്നെ നടത്താനും സര്‍ക്കാര്‍തീരുമാനിച്ചിരുന്നു.

അതേസമയം നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ ഇപ്പോള്‍ നടത്താന്‍ കഴിയാത്തതിനാല്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ് ഭീഷണി ഉയര്‍ത്തുന്ന തിരുവനന്തപുരത്ത് നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കനത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.