എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തി

തിരുവനന്തപുരം: എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെത്തുടർന്ന് അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സർവകലാശാല തടഞ്ഞു.

ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. എന്നീ കോളേജുകളുടെയും ഫലമാണ് തടഞ്ഞത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുവിദ്യാർഥികളുടെ വിവരം കോളേജുകൾ കൈമാറി. ഇവരെ അയോഗ്യരാക്കാൻ സർവകലാശാല നടപടി തുടങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഗവേണിങ് കൗൺസിൽ അന്തിമതീരുമാനമെടുക്കും. ക്രമക്കേടിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പരീക്ഷയിൽ (പാർട്ട്‌ വൺ) കോപ്പിയടിയും പരസ്പരം പറഞ്ഞുകൊടുക്കലുമുണ്ടായതായി വിദ്യാർഥികൾതന്നെയാണ് പരാതി നൽകിയത്. സംശയമുള്ള കോളേജുകളിലെ ദൃശ്യങ്ങൾ പരീക്ഷാക്രമക്കേടുകൾ വിലയിരുത്താനുള്ള സർവകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

കോളേജുകൾ ഇക്കാര്യം നിരസിച്ചെങ്കിലും പ്രിൻസിപ്പൽമാരെയും പരീക്ഷാ മുഖ്യ സൂപ്രണ്ടിനെയും സർവകലാശാലാ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് സമിതി വിശദീകരണം തേടി. കുട്ടികളെ തിരിച്ചറിഞ്ഞ് വിവരം കൈമാറാൻ നിർദേശിച്ചു. കോളേജ് അധികൃതർ വിശദീകരണം നൽകിയതോടെ ചില വിദ്യാർഥികളുടെ ഫലം നൽകാൻ സർവകലാശാല തയ്യാറായി.

എസ്.യു.ടി., എം.ഇ.എസ്. എന്നീ കോളേജുകൾ കോപ്പിയടിച്ച വിദ്യാർഥികളുടെ വിവരം നൽകിയിട്ടില്ല. ഇവർ കൈമാറിയ ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണ് സൂചന. വിദ്യാർഥികളെ തിരിച്ചറിയാനാവുന്നില്ലെന്നും പരീക്ഷാസമയം മുഴുവൻ ചിത്രീകരിച്ചിട്ടില്ലെന്നുമാണ് കോളേജ് അധികൃതർ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം.