അരൂരിൽ ദലീമ ഷാനിമോളെ തോൽപിച്ചു

അരൂർ :അരൂരില്‍ കോണ്‍ഗ്രസിന്റെ ശക്തമായ സ്ത്രീ സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്മാനെ നേരിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നണി ഗായിക ദലീമ മിന്നുന്ന വിജയം കുറിച്ചത്. 5,091 വോട്ടുകളാണ് ദലീമയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഇടത് കോട്ടയാണെങ്കിലും ഇടയ്ക്കൊന്ന് കൈവിട്ട മണ്ഡലം ഇതോടെ തിരിച്ചുപിടിക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞു.

2015ല്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചാണ് ദലീമ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ദലീമ വിജയിച്ചു. ഇതോടെയാണ് അരൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ദലീമ പരിഗണിക്കപെട്ടത്.

2006 ല്‍ ഗൗരിയമ്മയെ തോല്‍പ്പിച്ച്‌ എ.എം. ആരിഫ് മണ്ഡലം പിടിച്ചതോടെയാണ് അരൂര്‍ ഇടത് കോട്ടയായത്. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഇടതില്‍ നിന്നും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ മുന്‍ നിര വനിത സ്ഥാനാര്‍ഥിയായ ഷാനിമോള്‍ക്കെതിരെയാണ് വലിയ രാഷ്ട്രീയ പാരമ്ബര്യമില്ലാത്ത ദലീമ ഇത്തവണ മത്സരത്തിനിറങ്ങിയത്. കന്നിയങ്കത്തില്‍ തന്നെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചേര്‍ക്കാന്‍ ദലീമയ്ക്കായി.