കണ്ണൂര്‍ സര്‍വകലാശാല ബിരുദതല പരീക്ഷകള്‍ സെപ്റ്റംബര്‍ 29ന് തുടങ്ങും

കണ്ണൂർ : കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച കണ്ണൂര്‍ സര്‍വകലാശാല ബിരുദതല പരീക്ഷകള്‍ സെപ്റ്റംബര്‍ 29ന് തുടങ്ങും. നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് തുടങ്ങുക. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സന്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

വിശദമായ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ സുഗമമായി നടത്താന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലത്തിലും പരീക്ഷാ ഏകോപന സമിതി രൂപവത്കരിക്കും. കോളജ് തല പരീക്ഷാ ഏകോപന സമിതിയില്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥി, അധ്യാപക സംഘടനാ പ്രതിനിധികള്‍, പിടിഎ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധി, ആരോഗ്യവകുപ്പ് പ്രതിനിധി, സെനറ്റ്, സിന്‍ഡിക്കേറ്റ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും.

പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ കോളജ് തലത്തില്‍ നടത്താന്‍ സമിതി മേല്‍നോട്ടം വഹിക്കും. നാലാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായതിനു ശേഷം വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും പരീക്ഷാ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, എന്‍ സുകന്യ, ഡോ. കെ ടി ചന്ദ്രമോഹനന്‍, ഡോ. ടി പി അഷ്റഫ്, ഡോ. പി കെ പ്രസാദന്‍, കെ വി പ്രമോദ് കുമാര്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.