നിങ്ങൾക്ക് ഒട്ടകപ്പക്ഷിയാകാൻ കഴിയില്ല: ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജന്‍ ഇനിയും നല്‍കാത്തതിനാലാണ് വിമര്‍ശനം. ദിവസേന 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

“നിങ്ങള്‍ക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാനാവും, ഞങ്ങള്‍ക്കാവില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ താമസം? 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. നേരത്തെ നല്‍കേണ്ട 490 മെട്രിക്ക് ടണ്‍ ഓക്സിജന്‍ പോലും നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുന്നതിനു നേരെ കണ്ണടയ്ക്കാനാണോ നിങ്ങള്‍ പറയുന്നത്? തലക്ക് മുകളില്‍ വരെ വെള്ളം എത്തിയിരിക്കുന്നു.”- ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.