മുംബൈയിൽ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ സെന്ററുകൾ തുടങ്ങി

മുംബൈ:മുംബൈയിൽ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ സെന്ററുകൾ തുടങ്ങി . മുംബൈയിലെ ആദ്യത്തെ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേകമായി പരിചരണം നല്‍കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏഴ് ബൂത്തുകളിലായി പ്രതിദിനം 5,000 ഗുണഭോക്താക്കളെ കുത്തിവയ്ക്കാന്‍ കഴിയും. അതില്‍ രണ്ടു ബൂത്തുകള്‍ ഡ്രൈവ്-ഇന്‍ സംവിധാനങ്ങള്‍ക്കായി നീക്കി വയ്ക്കും.

ദാദര്‍ വെസ്റ്റിലെ ശിവാജി പാര്‍ക്കിന് സമീപമുള്ള കോഹിനൂര്‍ പാര്‍ക്കാണ് വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. രണ്ട് ബൂത്തുകള്‍ക്കായി 60 മുതല്‍ 70 വരെ വാഹനങ്ങള്‍ക്ക് ക്യൂ നില്‍ക്കാന്‍ പാര്‍ക്കിംഗ് സ്ഥലത്ത് മതിയായ ഇടമുണ്ട്. ഇതിനോടടുത്ത് ഒരു രജിസ്‌ട്രേഷന്‍ സ്റ്റാളും സ്ഥാപിക്കും. ഗുണഭോക്താക്കള്‍ ക്യൂവില്‍ കാത്തിരിക്കുമ്ബോള്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജനസാന്ദ്രതയുള്ള നഗരത്തില്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വീടുകളില്‍ കുത്തിവയ്ക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ബി എം സി പരിഗണനയിലാണ്