പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ എൻജിനിയറിങ് വിഭാഗത്തിൽ അവസരം

കൊച്ചി : പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം. കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ 10+2 (ബി.ടെക്) കേഡറ്റ് എന്‍ട്രിയിലെ പ്രവേശനത്തിനായി അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. സയന്‍സില്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കെല്ലാം ചേര്‍ത്ത് 70 ശതമാനവും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉള്ളവരായിരിക്കണം. ഇംഗ്ലീഷിലെ മാര്‍ക്ക് പത്താം ക്ലാസിലേതും പരിഗണിക്കും. കൂടാതെ ബി.ടെക്/ബി.ഇ. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. (മെയിന്‍) 2020 എഴുതിയവരായിരിക്കണം അപേക്ഷകര്‍. ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ ആറ് മുതല്‍ അപേക്ഷിച്ചുതുടങ്ങാം.

ജെ.ഇ.ഇ. (മെയിന്‍) പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചാകും പ്രവേശനം. ഇതനുസരിച്ച്‌ ച്ച്‌ അപേക്ഷകരുടെ പട്ടിക തയ്യാറാക്കും. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അഭിമുഖവും ശാരീരികപരിശോധനയും കഴിഞ്ഞായിരിക്കും പ്രവേശനം ലഭിക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സേനയില്‍ ഓഫീസറായി ചേരാം. എജുക്കേഷന്‍ ബ്രാഞ്ചില്‍ അഞ്ച്, എക്സിക്യുട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ചില്‍ 29എന്നിങ്ങനെ ഒഴിവുകളുണ്ട്. 2021 ജനുവരിയിലാണ് കോഴ്സ് തുടങ്ങുക.. ഈ കാലയളവിലെ ചെലവുകള്‍ പൂര്‍ണമായും നാവികസേന വഹിക്കും.

വിശദവിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക : https://www.joinindiannavy.gov.in/
അവസാന തീയതി : ഒക്ടോബര്‍ 20.