ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ മുന്നണി പ്രവേശനം നടക്കും. എല്‍ഡിഎഫില്‍ ആരും ഇതുവരെ പരസ്യമായി എതിര്‍പ്പ് ഉന്നയിച്ചിട്ടില്ല. മാത്രമല്ല, നേരത്തെ ജോസ് കെ.മാണിയുടെ മുന്നണിപ്രവേശത്തെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐയും നിലപാട് മയപ്പെടുത്തി.

വ്യാഴാഴ്‌ച ഇടതുമുന്നണിയോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മുന്നണി വിപുലീകരണത്തെ കുറിച്ച്‌ ചര്‍ച്ച നടക്കും. സിപിഐയുടെ കൂടെ അനുമതിയോടെ ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശനത്തില്‍ തീരുമാനമെടുക്കും. മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ നല്‍കിയ കത്തും വ്യാഴാഴ്ചയിലെ യോഗത്തില്‍ പരിഗണിച്ചേക്കും.

കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നാണ് ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഔദ്യോഗികമായി മുന്നണി പ്രവേശനം പൂര്‍ത്തിയാക്കണമെന്നും സിപിഎം വിലയിരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ അറിയിക്കും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍എഡിഎഫാണ് ശരിയെന്ന് പറഞ്ഞ് മുന്നണിയിലേക്ക് വരുമ്ബോള്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ എന്തിന് എതിര്‍ക്കണമെന്ന് കാനം ചോദിച്ചു. എല്‍ഡിഎഫുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ മുന്നണിയില്‍ ആലോചിച്ച്‌ കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം നേരത്തെ പറഞ്ഞിരുന്നു.

“യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് ജോസ് കെ.മാണി പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷികാര്‍ക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാം എന്നു പറഞ്ഞത്. ഇനിയുള്ള കാര്യങ്ങള്‍ മുന്നണി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചിടുത്തോളം അവര്‍ യുഡിഎഫില്‍ നില്‍ക്കുമ്ബോള്‍ യുഡിഎഫിന്റെ നിലപാടുകളെയും അവരുടെ നിലപാടുകളെയും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുമ്ബോള്‍ ഞങ്ങള്‍ എന്തിന് എതിര്‍ക്കണം?” കാനം ചോദിച്ചു.