EPL; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ 4-1 നു തോൽപിച്ചു

ന്യൂകാസിൽ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്‌ വിജയ വഴിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഇന്ന് ന്യൂകാസിലിനെതിരെ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ രണ്ടാം മിനുട്ടില്‍ തന്നെ പിറകില്‍ പോയതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചടിച്ച്‌ വിജയിച്ചത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനത്തിന് എതിരെ ഏറ്റ വന്‍ പരാജയത്തില്‍ നിന്ന് ഒരു ആശ്വാസവും ആകും യുണൈറ്റഡിന് ഈ വിജയം.

ഇന്ന് ഒരുപാട് മാറ്റങ്ങളും ആയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളത്തില്‍ ഇറങ്ങിയത്. പക്ഷെ രണ്ടാം മിനുട്ടില്‍ തന്നെ കാര്യങ്ങള്‍ അവതാളത്തിലായി. ലൂക് ഷോയുടെ സെല്‍ഫ് ഗോളില്‍ ആണ് ന്യൂകാസിലിന് ലീഡ് ലഭിച്ചത്. ഈ ഷോക്കില്‍ നിന്ന് പെട്ടെന്ന് തന്നെ തിരികെ വരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. അടുത്തിടെ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ മഗ്വയര്‍ ആണ് യുണൈറ്റഡിന് സമനില ഗോള്‍ നല്‍കിയത്.

23ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്നായിരുന്നു മഗ്വയറിന്റെ ഗോള്‍. പിന്നീട് വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടി ലഭിച്ചു എങ്കിലും ബ്രൂണൊ ഫെര്‍ണാണ്ടസ് എടുത്ത പെനാള്‍ട്ടി കിക്ക് ലക്ഷ്യത്തില്‍ എത്തിയില്ല. ഇതും നിരാശയുടെ ദിവസമാണ് എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് തോന്നിയ നിമിഷം. എന്നാല്‍ വില്ലനായ ബ്രൂണോ തന്നെ ഹീറോയും ആയി. 86ആം മിനുട്ടില്‍ ബ്രൂണോ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നില്‍ എത്തിച്ചു.

ഒരു പൂര്‍ണ്ണമായ ടീം ഗോളായിരുന്നു ബ്രൂണോ ഫിനിഷ് ചെയ്തത്. വാന്‍ ഡെ ബീകും ബ്രൂണോയും തുടങ്ങി വെച്ച നീക്കം മാറ്റയുടെ പാസിലൂടെ റാഷ്ഫോര്‍ഡിലേക്ക്. ബോക്സില്‍ നിന്ന് ഒരു ബാക്ക് ഫ്ലിക്ക് പാസില്‍ റാഷ്ഫോര്‍ഡ് ബ്രൂണോയെ കണ്ടെത്തി. ബ്രൂണോ പന്ത് വലയിലും എത്തിച്ചു. ഇതിനു പിന്നാലെ ന്യൂകാസില്‍ ഡിഫന്‍സ് തകര്‍ന്നു. വാന്‍ ബിസാകയുടെ വക ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോള്‍. ബിസാകയുടെ കരിയറിലെ ആദ്യ സീനിയര്‍ ഗോളായിരുന്നു ഇത്. പിന്നാലെ ഇഞ്ച്വറി ടൈമില്‍ റാഷ്ഫോര്‍ഡ് യുണൈറ്റഡിന്റെ നാലാം ഗോളും നേടി.