എംജി യൂണിവേഴ്സിറ്റി; ബിരുദ പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് ആയി

കോട്ടയം : മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ 2020- 21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുജിസിയുടെയും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും നിബന്ധനകള്‍ പാലിച്ച്‌ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്ന ആദ്യ സര്‍വ്വകലാശാലയാണ് എംജി.

അലോട്‌മെന്റ് പരിശോധിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ആപ്ലിക്കേഷന്‍ നമ്ബര്‍, പാസ്‌വേഡ്, എന്നിവ ഉപയോഗിച്ച്‌ ക്യാപ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ശേഷം ഫീസ് അടച്ച്‌ ഉചിതമായ പ്രവേശന രീതി തെരഞ്ഞെടുക്കണം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് സ്ഥിര പ്രവേശനം മാത്രമേ തെരഞ്ഞെടുക്കാനാകൂ. ആദ്യ ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് താത്കാലിക പ്രവേശനം തെരഞ്ഞെടുക്കാം.