തദ്ദേശ തെരഞ്ഞെടുപ്പില്‍ കിടപ്പുരോഗികള്‍ക്കും കൊറോണ രോഗികൾക്കും തപാല്‍ വോട്ട്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍. ഇതിനുള്ള ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവും ഒരു മണിക്കൂര്‍ നീട്ടും.

കൊറോണ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കിടപ്പുരോഗികള്‍ക്കും കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിന് അവസരമുണ്ടാകും. ഇതിനായി പഞ്ചായത്ത് മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഓര്‍ഡിനന്‍സ്.

തപാല്‍, പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോക്‌സി വോട്ടിനോട് സിപിഐഎമ്മിന് താത്പര്യമില്ല. പ്രോക്‌സി വോട്ട് ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.യുഡിഎഫ് തപാല്‍ വോട്ടിനേയും എതിര്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ഇക്കാര്യം അറിയിക്കും. തപാല്‍ വോട്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ നിയമ നടപടികള്‍ക്കും യുഡിഎഫില്‍ ആലോചനയുണ്ട്.

കൊവിഡ് പ്രതിസന്ധി മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ച ശമ്ബളം പി.എഫില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 6 ദിവസത്തെ ശമ്പളം 5 മാസമായാണ് പിടിച്ചിരുന്നത്. ഈ തുക ഏപ്രില്‍ മാസം മുതല്‍ പിന്‍വലിക്കാനും കഴിയും