ഗുജ്ജാറുകള്‍ സംവരണത്തിനായി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഭരത്പൂര്‍: ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് ഗുജ്ജാര്‍ നേതാവിന്റെ അന്ത്യശാസനം. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി നിര്‍വചിച്ച്‌ ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നാണ് ആവശ്യം. അതംഗീകരിക്കാത്ത പക്ഷം നവംബര്‍ 1 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബൈന്‍സ്ല മുന്നറിയിപ്പു നല്‍കി.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ എന്തുചെയ്യണമെന്ന് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്ത് യോഗത്തിലാണ് ബൈന്‍സ്ലയുടെ പ്രഖ്യാപനം.

‘ഞങ്ങള്‍ ഒരു ശക്തിപ്രകടനമാണ് നടത്തിയത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ശനിയാഴ്ച കുറച്ച്‌ പേര്‍ വന്നിരുന്നു. ഒരു പ്രതിഷേധം ആരംഭിക്കാന്‍ എളുപ്പമാണ്. എങ്കിലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സർക്കാരിന് കുറച്ചുകൂടെ സമയം നല്‍കുകയാണ്’- ബൈന്‍സ്ല റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

‘നവംബര്‍ 1ന് ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തും. ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാപഞ്ചായത്ത് ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകാണ്.

2007 ലെ ഹൈക്കോടതി വിധിയനുസരിച്ച്‌ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ക്കണമെങ്കില്‍ കലക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ദേശീയ ദുരന്തനിവാരണ നിയമവും രാജസ്ഥാന്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സുമനുരിച്ച്‌ 100 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്.

2018 ഒക്ടോബറില്‍ ‘അദര്‍ ബാക്ക് വേര്‍ഡ് ക്ലാസ്സി’ന് സംവരണം 21ല്‍ നിന്ന് 26 ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരു ബില്ല് പാസ്സാക്കിയിരുന്നു. ഗുജ്ജാറുകള്‍ക്ക് 1 ശതമാനം സംവരണം നല്‍കാനുംടഅദര്‍ ബാക്ക് വേര്‍ഡ് കാസ്റ്റി’ന് 4 ശതമാനം സംവരണം നല്‍കാനും തീരുമാനിച്ചു.

അതുവഴി 50 ശതമാനമെന്ന പരമാവധി പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഈ സമുദായങ്ങള്‍ക്ക് 1 ശതമാനം അധിക സംവരണം ലഭിക്കും.