വയലാറിൽ RSS പ്രവർത്തകൻ കൊല്ലപ്പെട്ടു, ഇന്ന് ജില്ലയിൽ ബിജെപി ഹർത്താൽ

ആലപ്പുഴ: വയലാറില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍‍. ആര്‍.എസ്.എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

രാത്രി ഏഴുമണിക്ക് ശേഷം വയലാര്‍ നാഗംകുളങ്ങര കവലയില്‍ ആയിരുന്നു സംഘര്‍ഷം. ഉച്ചക്ക് എസ്.ഡി.പി.ഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഇരു വിഭാഗവും വൈകിട്ട് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിക്കുന്നത്. 22കാരനായ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ എസ് നന്ദുവിന്‍റെ നില ഗുരുതരമാണ്. നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് 7 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. അതേസമയം ജാഥക്ക് നേരെ ആര്‍.എസ്.എസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു എന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആലപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.