ബിജെപിയെ എതിർക്കുന്നവരെ വെടിവച്ചിടാൻ പറഞ്ഞത് ഡൽഹിയിൽ വിനയായി: അമിത്ഷാ

ന്യൂഡൽഹി : ബിജെപി നേതാക്കളുടെ വിദ്വേഷപ്രചാരണമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിനയായതെന്ന് തുറന്നു സമ്മതിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാ ടുഡേ -ആജ് തക് ടിവി ചാനലുകൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് അമിത്ഷാ ഇത് തുറന്നു സമ്മതിച്ചത്.

രസകരമായ കാര്യം ഡൽഹിയിൽ വിദ്വേഷപ്രചാരണം നയിച്ചത് അമിത്ഷാ ആണെന്നതാണ് .ഉത്തർപ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്‌ ,കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ,വെസ്റ്റ് ഡൽഹി ബിജെപി എംപി പർവേഷ് വർമ്മ എന്നിവരാണ് ബിജെപിക്കെതിരെ നിൽക്കുന്നവരെ വെടിവച്ചിടാൻ ആഹ്വനം ചെയ്‌തത്‌.

കേജരിവാളിനെ തീവ്രവാദി എന്നു പോലും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ വിളിച്ചിരുന്നു.

ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നുപോലും ഇവർ പറഞ്ഞുവെച്ചു. ബിജെപി അനാവശ്യ വിവാദങ്ങൾ ഉയർത്തിയപ്പോൾ ആം ആദ്‌മി പാർട്ടി വികസന വിഷയങ്ങൾ മാത്രമാണ് ചർച്ചയാക്കിയതെന്നും അമിത്ഷാ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരല്ല ഡൽഹിയിലെ ജനവിധിയെന്നും അമിത്ഷാ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

യോഗി ആദിത്യനാഥ് എവിടെയൊക്കെ വിദ്വേഷം പ്രസംഗിച്ചോ ഡൽഹിയിൽ ആ സീറ്റുകളിലെല്ലാം ബിജെപി തോറ്റു എന്നതാണ് യഥാർത്ഥ വിലയിരുത്തൽ. കൂടാതെ ബിജെപി എംപി പർവേഷ് വർമ്മയുടെ വെസ്റ്റ് ഡൽഹിയിലെ പത്തു നിയമസഭാ സീറ്റുകളും ആപ്പ് തൂത്തുവാരി .ഇവയെല്ലാം ഹിന്ദു ബാഹുല്യ സീറ്റുകളും.

ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങളെ ഡൽഹിയിലെ ഹിന്ദു വോട്ടർമാർ നിരാകരിച്ചു എന്ന വസ്തുത ഇന്റർവ്യൂവിൽ അമിത്ഷാ അംഗീകരിച്ചില്ല എന്നതും രസകരമായ വിഷയമാണ്.