പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുത്. ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ദ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

മേല്‍പ്പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണം, സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം, ഇ.ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാന്‍ പോകുന്നത്. അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഒരാളുടെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കാനൊരുങ്ങുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.