രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി നഗ്ന ശരീരത്തില്‍ മക്കളെ കൊണ്ട് വരപ്പിച്ച്‌ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ,ഐടി,ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രഹ്നയുടെ ജാമ്യം കോടതി തള്ളിയത്.

നേരത്തെ രഹ്നയുടെ പനമ്പള്ളി നഗറിലുള്ള ക്വാര്‍ട്ടേഴ്സില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ഇവരുടെ ലാപ്ടോപ്പും മൊബൈലും കുട്ടികളുടെ പെയിന്റിങ് ബ്രഷുകളും ചായങ്ങളും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.