ഭർത്താവ് ഭാര്യയെ കൊന്നു പുഴയിൽ കെട്ടിത്താഴ്ത്തിയെന്ന് പോലീസ്

കാസർഗോഡ്: ഭർത്താവ് ഭാര്യയെ കൊന്നു ചന്ദ്രഗിരി പുഴയിൽ കെട്ടിത്താഴ്ത്തിയതായി കാസർഗോഡ് പോലീസ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19 മുതൽ ഭാര്യ പ്രമീളയെ കാണാനില്ലെന്ന് ഭർത്താവ് സിൽജോ ജോൺ പോലീസിൽ പരാതി നൽകിയിരുന്നു.

പക്ഷേ തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ഭർത്താവ് സിൽജോ തന്നെ ഭാര്യ പ്രമീളയെ കൊന്നു ചാക്കുകെട്ടിലാക്കി ചന്ദഗിരിപ്പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് കെട്ടിത്താഴ്ത്തിയതാണെന്ന് കണ്ടെത്തി.

കാസർഗോഡ് വിദ്യാനഗർ സ്വദേശിയാണ് സിൽജോ ജോൺ.ഭാര്യ പ്രമീള ആലപ്പുഴ സ്വദേശിനിയും. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് സിൽജോയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്.

പോലീസും മുങ്ങൽ വിദഗ്ദ്ധരും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു.ചാക്കിൽ മൃതദേഹത്തോടൊപ്പം കല്ലും കെട്ടിത്താഴ്ത്തിയിട്ടുണ്ടെന്നാണ് വിവരം .അപ്പോൾ കൂടുതൽ ഒഴുകിപ്പോകാനുള്ള സാധ്യതയില്ല. സിൽജോയെ കസ്റ്റഡിയിലെടുത്തു.