കനത്തമഴ, ഹൈദരാബാദും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച്‌ ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ ഹൈദരാബാദും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു. കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷ, തെലങ്കാന ,ആന്ധ്രാപ്രദേശത്തിന്റെ തീരപ്രദേശങ്ങള്‍ , തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്തയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തെലങ്കാനയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. സംസ്ഥാന തലസ്ഥാനത്തെ ബാലനഗര്‍ തടാകം കവിഞ്ഞ് സമീപ പ്രദേശങ്ങളില്‍ വലിയ വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകളില്‍ വെള്ളം കയറി. ഓട്ടോ റിക്ഷകളും കാറകളും ഒലിച്ചുപോയി.

ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.