ഐസിസി ടെസ്റ്റ് റാങ്കിങ്, രോഹിതും മായങ്കും മേലോട്ട്, കോഹ്ലി കീഴോട്ട്

ദുബായ്: വിശാഖപട്ടണം ടെസ്റ്റ് രോഹിത് ശർമ്മയുടെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലായി മാറി.രണ്ട് ഇന്നിങ്സിലും സെഞ്ചുറി അടിച്ച രോഹിത് സിക്സറുകളുടെ കാര്യത്തിലും റെക്കോർഡിട്ടു.കൂടാതെ ഇന്ത്യൻ മണ്ണിലാദ്യമായി ഓപ്പൺ ചെയ്ത മായങ്ക് അഗർവാളിനും കരിയറിലെ നാഴികക്കല്ലുതന്നെയായി വിശാഖപട്ടണം ടെസ്റ്റ്.എന്നാൽ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി കഴിഞ്ഞ രണ്ടുവർഷത്തിലാദ്യമായി റാങ്കിങ്ങിൽ 900 പോയിന്റിന് താഴെയെത്തി.

ഐ.സി.സി തിങ്കളാഴ്ച പുതുതായി പുറത്തുവിട്ട റാങ്കിങ്ങില്‍ 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് 17-ാം സ്ഥാനത്തെത്തി. ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി (176, 127) നേടിയിരുന്നു.

അതേസമയം രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇരട്ടസെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. 38 സ്ഥാനങ്ങള്‍ കയറിയ മായങ്ക്, 25-ാം സ്ഥാനത്തെത്തി. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. സ്റ്റീവ് സ്മിത്തിനു പിന്നില്‍ രണ്ടാമതാണെങ്കിലും 2018 ജനുവരിക്ക് ശേഷം ഇതാദ്യമായി കോലിയുടെ റേറ്റിങ് പോയന്റ് 900-ല്‍ നിന്ന് താഴെയെത്തി. 899 ആണ് താരത്തിന്റെ നിലവിലെ റേറ്റിങ് പോയന്റ്.

അതേസമയം 10 മാസങ്ങള്‍ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ആര്‍. അശ്വിന്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തി. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്താണ്.