ലാലിഗ : റൊണാള്‍ഡ് കോമാന്റെ ബാഴ്സലോണ ഗെറ്റഫെയോട് 1-0 നു തോറ്റു

മാഡ്രിഡ് : ലാലിഗ സീസണ്‍ മികച്ച രീതിയില്‍ തുടങ്ങിയ ബാഴ്സലോണക്ക് കാലിടറുന്നു. ലീഗില്‍ ഇന്ന് അവരുടെ ആദ്യ പരാജയം ബാഴ്സലോണ നേരിട്ടു. ഇന്ന് ഗെറ്റഫെ ആണ് ബാഴ്സലോണയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു. റൊണാള്‍ഡ് കോമാന്‍ വന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. വിജയമില്ലാത്ത തുടര്‍ച്ചയായ രണ്ടാം മത്സരവും. ഇന്ന് വളരെ മോശം പ്രകടനമാണ് രണ്ടാം പകുതിയില്‍ ബാഴ്സലോണയില്‍ നിന്ന് കാണാന്‍ കഴിഞ്ഞത്.

രണ്ടാം പകുതിയില്‍ ഒരു പെനാള്‍റ്റിയില്‍ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോള്‍ വന്നത്. 56ആം മിനുട്ടില്‍ ജൈമി മാറ്റയാണ് പെനാള്‍ട്ടി സ്പോട്ടില്‍ നിന്ന് വല കുലുക്കിയത്. മെസ്സിക്കും ഗ്രീസ്മനും ഒന്നും ഇന്ന് തിളങ്ങാന്‍ ആയില്ല. നീണ്ട കാലത്തിനു ശേഷം ആദ്യ ഇലവനില്‍ എത്തിയ ഡെംബലെയും നിരാശപ്പെടുത്തി. റയല്‍ മാഡ്രിഡ് പരാജയപ്പെട്ട ദിവസം മൂന്ന് പോയിന്റ് നേടി റയലിന് ഒപ്പം എത്താനുള്ള അവസരമാണ് ബാഴ്സലോണ ഇന്ന് നഷ്ടപ്പെടുത്തിയത്.

7 പോയിന്റ് ഉള്ള ബാഴ്സലോണ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. ഗെറ്റഫെ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി.റയൽ മാഡ്രിഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്