ആഗോള പട്ടിണി സൂചിക; ഇന്ത്യ ബഗ്ലാദേശിനും പാകിസ്ഥാനും പിന്നിൽ 94-മത്

ന്യൂഡൽഹി: 2020ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-മത്. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ആം സ്ഥാനത്തായിരുന്നു ഇന്ത്യ.

വികസനത്തിന്റെ വേഗം വര്‍ധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല എന്നത് വ്യക്തമാക്കുകയാണ് ഈ വര്‍ഷത്തേയും ആഗോള പട്ടിണി സൂചിക. 2020ലെ ഇന്ത്യയുടെ സ്‌കോര്‍ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയില്‍ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം. നേപ്പാള്‍ (73), പാകിസ്താന്‍ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നീ രാജ്യങ്ങള്‍ക്കും പിന്നിലായാണ് പട്ടിക അനുസരിച്ച്‌ ഇന്ത്യയുടെ സ്ഥാനം. നോര്‍ത്ത് കൊറിയ, റുവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാന്‍ (99), ലെസൊത്തോ (100), സിയെറ ലിയോണ്‍ (101), ലൈബീരിയ (102), മൊസാംബിക്ക് (103), ഹെയ്തി (104), മഡഗാസ്‌കര്‍ (105), ടിമോര്‍ ലെസ്റ്റെ (106), ചാഡ് (107) എന്നി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍.

റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിലെ പോഷകാഹാരക്കുറവ് നേരിടുന്നു. കുട്ടികള്‍ക്കി ടയിലെ വളര്‍ച്ചാ മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്ന ഗൗരവകരമായ വെല്ലുവിളി. അന്താരാഷ്ട്ര എജന്‍സികളാണ് സ്ഥിതി വിവരം ശേഖരിച്ച്‌ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്