സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്നുരാവിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന ഉപഗ്രഹചിത്രത്തിൽ തെളിഞ്ഞ മാനമാണ് കേരളത്തിലുടനീളം.

നദികളിലെ ജലനിരപ്പ് അപകടനിരപ്പില്‍ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി.
കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ജാഗ്രത തുടരാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഓഗസ്റ്റ് 15 ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. എന്നാല്‍, ഈ ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യത്തോടെയോ സംസ്ഥാനത്ത് വീണ്ടും മഴ ശക്‌തമാകാനാണ് സാധ്യത.

സംസ്ഥാനത്ത് മഴ കുറയുമെങ്കിലും കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കിലോ മീറ്റര്‍ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എന്നാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂര്‍ എന്നി ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാര്‍ അടക്കമുള്ള നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം തുടരുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.