കൊൽക്കൊത്ത താരങ്ങൾക്ക് കോവിഡ്; ഐപിഎൽ പ്രതിസന്ധിയിൽ

അഹമ്മദാബാദ് : ഐപിഎല്‍ മത്സരത്തിലെ രണ്ട് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് നടക്കാനിരുന്ന മത്സരം മാറ്റിവെച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂരും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മത്സരം മറ്റൊരു ദിവസം നടക്കുമെന്നാണ് വിവരം. മൂന്നാമത്തെ പരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ടീമിലുള്ള മറ്റ് കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ പോസിറ്റീവായിട്ടില്ല. രണ്ട് പേരേയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചെന്നും ഇരുവരുടേയും ആരോഗ്യനില വിലയിരുത്തുന്നതിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ എല്ലാ കളിക്കാരെയും ദിവസേന പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ കൊല്‍ക്കത്തയുമായി കളിച്ച ടീമുകളോട് സ്വയം നിരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ 14 ദിവസത്തിനിടെ മത്സരിച്ചത്. കളിയുടെ ഭാഗമായിരുന്ന ഒഫീഷ്യലുകളും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.