ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ രാജസ്ഥാനെതിരെ ഏഴ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ദുബായ്‌: രാജസ്‌ഥാന്‍ റോയല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ഏഴ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 177 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് കളി തീരാന്‍ രണ്ട്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു.

22 പന്തില്‍ ആറ്‌ സിക്‌സറും ഒരു ഫോറുമടക്കം 55 റണ്ണെടുത്ത എ.ബി.ഡിവിലിയേഴ്‌സാണു വിജയ ശില്‍പ്പി. ജയിക്കാന്‍ 12 പന്തില്‍ 35 റണ്‍ വേണമെന്ന അവസ്‌ഥയിലാണു ഡിവിലിയേഴ്‌സ് വെടിക്കെട്ടിനു തിരികൊളുത്തിയത്‌. 19-ാം ഓവര്‍ എറിഞ്ഞ ജയദേവ്‌ ഉനാത്‌കട്ട്‌ ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്റെ കരുത്ത്‌ ശരിക്കറിഞ്ഞു. ഉനാത്‌കട്ടിന്റെ ആദ്യ മൂന്ന്‌ പന്തുകളും സിക്‌സറിനു പറന്നു. അഞ്ചാം പന്തില്‍ ഗുര്‍കീരത്‌ സിങ്‌ ഫോറടിച്ചതോടെ റോയല്‍സ്‌ ജയിക്കാമെന്ന പ്രതീക്ഷ വിട്ടു. 25 റണ്ണാണ്‌ ഉനാത്‌കട്ടിന്റെ നിര്‍ണായക ഓവറില്‍ പിറന്നത്‌.

അവസാന ഓവറില്‍ ബാംഗ്ലൂര്‍ ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്‌് 10 റണ്‍. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്തില്‍ ഗുര്‍കീരത്‌ രണ്ട്‌ റണ്ണെടുത്തു. രണ്ടാമത്തെ പന്തില്‍ സിംഗിള്‍ എടുത്ത്‌ ഡിവിലിയേഴ്‌സിനു സ്‌ട്രൈക്ക്‌ കൈമാറി. ജയിക്കാന്‍ മൂന്ന്‌ പന്തില്‍ ഏഴ്‌ റണ്‍ വേണമെന്ന അവസ്‌ഥ. മൂന്നാമത്തെ പന്തില്‍ രണ്ട്‌ റണ്‍ ഓടിയെടുത്ത ഡിവിലിയേഴസ്‌ അടുത്ത പന്ത്‌ സിക്‌സറിനു പറത്തി ടീമിന്‌ 13-ാം സീസണിലെ ആറാം ജയം നേടിക്കൊടുത്തു. ഗുര്‍കീരത്‌ സിങ്‌ മാന്‍ 17 പന്തില്‍ 19 റണ്ണുമായിനിന്നു. മലയാളി ഓപ്പണര്‍ ദേവദത്ത്‌ പടിക്കല്‍ (37 പന്തില്‍ 35), നായകന്‍ വിരാട്‌ കോഹ്ലി (32 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ (11 പന്തില്‍ 14) നഷ്‌ടമായെങ്കിലും പടിക്കലും കോഹ്‌ലിയും ചേര്‍ന്ന്‌ ചലഞ്ചേഴ്‌സിനു വേണ്ടി രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി.

പടിക്കല്‍ പുറത്തായതോടെയാണു ഡിവിലിയേഴ്‌സ് ക്രീസിലെത്തിയത്‌. വൈകാതെ കോഹ്ലിയും പുറത്തായി. നായകന്‍ സ്‌്റ്റീവ്‌ സ്‌മിത്തിന്റെ (36 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 57) അര്‍ധ സെഞ്ചുറിയും ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ (22 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 41) ബാറ്റിങ്‌ പ്രകടനവുമാണു റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. മലയാളി താരം സഞ്‌ജു സാംസണ്‍ (ഒന്‍പത്‌) നിരാശപ്പെടുത്തി.

26 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ക്രിസ്‌ മോറിസ്‌ റോയല്‍സ്‌ നിരയില്‍ തിളങ്ങി. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍ രണ്ട്‌ വിക്കറ്റെടുത്തു. മത്സരം തുടങ്ങുന്നതിനു മുമ്ബ്‌ സ്‌്റ്റീവ്‌ സ്‌മിത്തിനെ നായകസ്‌ഥാനത്തുനിന്നു മാറ്റി വിക്കറ്റ്‌ കീപ്പര്‍ ജോസ്‌ ബട്ട്‌ലറിനെ ഏല്‍പ്പിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു.
സ്‌മിത്തിനെ തല്‍ക്കാലം മാറ്റാനുദ്ദേശിക്കുന്നില്ലെന്ന വിശദീകരണവുമായി രാജസ്‌ഥാന്‍ റോയല്‍സ്‌ ടീം മാനേജ്‌മെന്റ്‌ തന്നെ രംഗത്തെത്തി. ഡിവിലിയേഴ്‌സ് മത്സരത്തിലെ താരമായി

Latest IPL Point Table