ഖാസിം സുലൈമാനി വധത്തിൽ ട്രമ്പിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്

ടെഹ്‌റാൻ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രമ്പിനെതിരെ വാറന്റ്. ട്രമ്പിന് പുറമേ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രമ്പിനും മറ്റുള്ളവര്‍ക്കും വേണ്ടി ഇന്റര്‍പോള്‍ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്റര്‍പോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സ്വഭാവമുള്ള കേസുകള്‍ സാധാരണയായി പരിഗണിക്കരുതെന്നാണ് ഇന്റര്‍പോളിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. അതിനാല്‍ തന്നെ ഇറാന്റെ അഭ്യര്‍ഥന ഇന്റര്‍പോള്‍ സ്വീകരിക്കാനിടയില്ല.

അറസ്റ്റ് ട്രമ്പിന് ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ രൂക്ഷത അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ നീക്കം. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രമ്പിനെതിരെയുള്ള കേസുമായി മുന്നോട്ടുപോകുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്