JEE പരീക്ഷകൾക്ക് ഇന്നു തുടക്കമായി

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനിടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് (ജെ ഇ ഇ )ഇന്ന് തുടക്കമായി. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കേരളത്തിലേതുള്‍പ്പടെ രാജ്യത്താകെ 660 പരീക്ഷ കേന്ദ്രങ്ങളിലായി ഈ മാസം ആറുവരെയാണ് പരീക്ഷ. കേരളത്തില്‍ പതിമൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുന്നവര്‍ക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

വയനാടൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. കൊവിഡ് രോഗവ്യാപന മേഖലകളില്‍ നിന്നുളളവര്‍ക്കായി പ്രത്യേക കവാടം, ഇരിപ്പിടം എന്നിവയൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തും.

പരീക്ഷ കഴിഞ്ഞും പരീക്ഷയ്ക്കുശേഷവും രക്ഷിതാക്കള്‍ ഉള്‍പ്പടെ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച്‌ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.