ജോളി വേദപാഠ അധ്യാപികയല്ല: ലൂർദ്ദ് മാതാ ഇടവക കൂടത്തായി

താമരശ്ശേരി : കൂടത്തായി സീരിയൽ കില്ലർ മതാധ്യാപികയാണെന്ന തെറ്റായ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനാൽ ശരിയായ വിശദീകരണവുമായി കൂടത്തായി ലൂർദ്ദ് മാതാ ഇടവക തന്നെ രംഗത്തെത്തി. ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധമില്ലെന്ന് വിശദീകരണവുമായി കൂടത്തായിലൂർദ്ദ് മാതാ ഇടവക. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണെന്ന് ഇടവക വക്താവ് അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ വ്യക്തമാക്കി.

ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല ഉണ്ടായിരുന്നു. എന്നാൽ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയെന്നും ഇടവക വിശദീകരിക്കുന്നു. മരണങ്ങൾ നടന്ന ശേഷം വലിയ ദുഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു വിധവയുടെ ഭാവത്തിലല്ല പിന്നീട് ജോളിയെ കണ്ടതെന്ന് അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ കൂട്ടിച്ചേര്‍ത്തു.

ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നില്ല. കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസും കുടുംബവും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.

ജോളി ഞായറാഴ്ചകളിൽ കുർബാനയ്ക്കെത്തുന്നത് ഈ പള്ളിയിലായിരുന്നു. 2017-ൽ ബന്ധുവായ കോടഞ്ചേരി സ്വദേശി ഷാജുവിനെ വിവാഹം കഴിക്കുന്നതുവരെ കൂടത്തായി ഇടവകാംഗവുമായിരുന്നു. കോടഞ്ചേരിയിലേക്ക് വിവാഹം കഴിച്ചതോടെ ഇടവക മാറിയെങ്കിലും ജോളിയുടെ താമസം കൂടത്തായിയിലെ വീട്ടിൽതന്നെയായിരുന്നു. കുർബാനയ്ക്കെത്തുന്നത് കൂടത്തായി പള്ളിയിലും. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണ്.

അതേസമയം ജോളി എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ.ജോസഫ് എടപ്പാടി. എന്‍.ഐ.ടിയില്‍ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി പറയുന്നു.

എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി. റോജോ അത് എന്നോട് പറഞ്ഞിരുന്നു.

എങ്കിലും അവര്‍ സ്ഥിരമായി എന്‍.ഐ.ടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍ഐടിയില്‍ വച്ച്‌ അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപിക ആയിരുന്നു ജോളി എന്ന് കരുതിയിരുന്നു – ഫാ .എടപ്പാടി മാധ്യമങ്ങളോട് പറഞ്ഞു.