ജോളിയുടെ ജ്യോത്സ്യൻ ഒളിവിൽ

കട്ടപ്പന : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ ദേഹത്ത് നിന്ന് ഏലസ്സ് കണ്ടെത്തിയിരുന്നതായി സൂചന. ആ ഏലസ്സ് പൂജിച്ച് നൽകിയെന്ന് കരുതപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സ്യനെ ഇന്ന് രാവിലെ മുതൽ കാണാനില്ല. വാർത്താമാധ്യമങ്ങളിൽ റോയിയുടേത് കൊലപാതകമാണെന്ന വാർത്ത സജീവമായതോടെയാണ് കട്ടപ്പനക്കാരൻ കൃഷ്ണകുമാർ എന്ന ജ്യോത്സ്യൻ ഒളിവിൽ പോയത്.

കൃഷ്ണകുമാറിന് മൂന്ന് മൊബൈൽ നമ്പറുകളാണുള്ളത്. ഈ മൂന്നെണ്ണത്തിൽ രണ്ടെണ്ണം സ്വിച്ച്ഡ് ഓഫാണ്. ഒരെണ്ണത്തിൽ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കുന്നുമില്ല.

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തിയത്. ഇവിടെ പണി തീരാത്ത ഒരു വലിയ വീടും കൃഷ്ണകുമാറിന്‍റെ കുടുംബവുമാണുള്ളത്. ഇന്ന് രാവിലെ വരെ കൃഷ്ണകുമാർ വീട്ടിലുണ്ടായിരുന്നെന്നും വാർത്തകളൊക്കെ കാണുന്നുണ്ടെന്നും അച്ഛൻ പറയുന്നു. എന്നാൽ പിന്നീട് രാവിലെ അൽപസമയം മുമ്പ് വീട്ടിൽ നിന്ന് പോയി എന്നും കൃഷ്ണകുമാറിന്റെ അച്ഛൻ.

റോയ് തോമസുമായും ജോളിയുമായും ഈ ജ്യോത്സ്യന് നല്ല ബന്ധമായിരുന്നെന്നാണ് സൂചന. ഇത്തരം സൂചനകൾ തന്നെയാണ് അയൽവാസികളും നൽകുന്നത്. ജോളിയും കട്ടപ്പന സ്വദേശിയാണ്. പണം നേടാനും മറ്റ് ആഭിചാര കർമ്മങ്ങൾക്കുമായി ജോളിയും റോയ് തോമസും ഇയാളെ സമീപിച്ചിരുന്നുവെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായാണ് റോയ് തോമസിന് ഇയാൾ ഏലസ്സ് ജപിച്ച് കൊടുത്തത്.

2011-ൽ മരിക്കുമ്പോഴും റോയ് തോമസിന്‍റെ ദേഹത്ത് ഈ ഏലസ്സുണ്ടായിരുന്നു. കൂടത്തായിയിലെ പൊന്നാമറ്റത്തെ ചില അയൽക്കാരും റോയ് തോമസും ജോളിയും ചേർന്ന് ചില ആഭിചാര ക്രിയകൾ വീട്ടിൽ ചെയ്തിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് പൊലീസ് പൂർണമായും സ്ഥിരീകരിക്കുന്നില്ല.