എൽഡിഎഫും ബിജെപിയുമായി സമദൂരവുമായി ജോസ് പക്ഷം, ഭാവി തീരുമാനം പിന്നീട്

കോട്ടയം : യു.ഡി.എഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ ജോസ് പക്ഷം കേരളാ കോൺഗ്രസിന്റെ രണ്ടു കൈകളിലും ലഡ്ഡു എന്ന അവസ്ഥയിൽ .മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലത്തെ തന്റെ പ്രസ്‌താവനയിലൂടെ ജോസ് പക്ഷത്തിന് പരോക്ഷമായി എൽഡിഎഫിലേക്കുള്ള വഴി തുറന്നു.

രണ്ടുമാസമായി ഒളിഞ്ഞും തെളിഞ്ഞും ബിജെപി കേന്ദ്രസംസ്ഥാന നേതാക്കളുമായി ജോസ് കെ മാണി നേരിട്ടു സമ്പർക്കത്തിലാണ് . ഞായറാഴ്ചയും ജോസ് കെ മാണി ബിജെപി സംസ്ഥാനനേതൃത്വവുമായി ചർച്ച നടത്തിയതായി കിട്ടിയ വിവരത്തെ തുടർന്നായിരുന്നു യുഡിഎഫ് പുറത്താക്കാനുള്ള ഉറച്ച തീരുമാനമെടുത്തത് .

യു.ഡി.എഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ്‌ (എം) ജോസ്‌ കെ. മാണി വിഭാഗത്തെ എന്‍.ഡി.എയിലേക്കു ‌ ബി.ജെ.പി. ദേശീയനേതൃത്വം ക്ഷണിച്ചുകഴിഞ്ഞു . ഇന്നലെ പിസി ജോർജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇക്കാര്യം പരസ്യമാക്കിക്കഴിഞ്ഞു.

ജോസിനു കേന്ദ്രക്യാബിനറ്റ് മന്ത്രി സ്‌ഥാനമാണു പ്രത്യേകദൂതന്‍ മുഖേനയുള്ള വാഗ്‌ദാനമെന്നു സൂചന. കൂടാതെ എൻഡിഎ യുടെ ഭാഗമായാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളും ബിജെപി ഓഫർ ചെയ്‌തിട്ടുണ്ട്‌ .

എംപിയായ തോമസ് ചാഴിക്കാടന് അർഹതപ്പെട്ട സ്ഥാനവും കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ .എൻ ജയരാജിനു കേരളാ എൻഡിഎയിലെ താക്കോൽ സ്ഥാനവും പ്രത്യേകദൂതന്‍ മുഖേനയുള്ള വാഗ്‌ദാനത്തിലുണ്ടെന്നു സൂചന. 40 നിയമസഭാ സീറ്റുകൾ, കൂടാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്നത് പാർട്ടിക്കുള്ളിലെ അധികാരമോഹികളെ കൂടെനിർത്താനും പിജെ ജോസഫ് പക്ഷത്തേക്കുള്ള കുട്ടിനേതാക്കളുടെ മറുകണ്ടം ചാടലിന് തടയിടാനുമാകുമെന്നാണ് വിലയിരുത്തൽ.

ബിജെപിയുടെ ക്ഷണം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാതെയാണ്‌ ജോസ്‌ കെ. മാണിയുടെ ഇതുവരെയുള്ള നിലപാട്. ഇന്നത്തെ സ്റ്റിയറിങ് കമ്മറ്റിയിൽ ജോസ് പക്ഷം ഒരു മുന്നണിയിലും ചേരാതെ സമദൂരസിദ്ധാന്തം സ്വീകരിക്കുമെന്നാണ് സൂചന.

ജോസ്‌ വിഭാഗത്തെ ലക്ഷ്യമിട്ട്‌ ബി.ജെ.പിയുടെ ചരടുവലി നേരത്തേ സജീവമായിരുന്നു. പുതിയ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതു ബി.ജെ.പി. നേതാക്കളായ ജോര്‍ജ്‌ കുര്യനും എന്‍.കെ. നാരായണന്‍ നമ്പൂതിരിയുമാണ്‌.കോട്ടയത്തെ പ്രാദേശിക ചർച്ചകൾക്ക് പിന്തുണയുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരിയുമുണ്ട്.ജോസ് പക്ഷത്തുള്ള പ്രാദേശിക നേതാക്കളെ എൻഡിഎ സഖ്യത്തിന് മാനസികമായി തയ്യാറാക്കുക എന്നതാണ് ഇവരുടെ ഡ്യൂട്ടി.

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം എം.പിയാണു മദ്ധ്യസ്‌ഥന്‍. സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്‌ഥാനമാണു നേരത്തേ ‌ വാഗ്‌ദാനം ചെയ്‌തതെങ്കിൽ നിലവിലെ സാഹചര്യത്തില്‍ കാബിനറ്റ്‌ മന്ത്രിസ്‌ഥാനം ജോസ് കെ മാണിക്കും സഹമന്ത്രിസ്ഥാനം തോമസ് ചാഴിക്കാടനും ബി.ജെ.പി നൽകിയാലും അത്ഭുതമില്ല.ചർച്ചകൾ ആ വഴിക്കു പുരോഗമിക്കുന്നതായാണ് സൂചന.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതു നേട്ടമാകുമെന്ന സന്ദേശം ബി.ജെ.പി. സംസ്‌ഥാനനേതൃത്വവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. രണ്ട്‌ എം.പിമാരുള്ള ജോസ്‌ പക്ഷത്തിന്റെ പിന്തുണ കേരളത്തിലും എന്‍.ഡി.എയ്‌ക്കു നേട്ടമാകും.

ജോസ്‌ കെ. മാണിയാണു നയം വ്യക്‌തമാക്കേണ്ടതെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നുമുള്ള നിലപാടിലാണു ബി.ജെ.പി. സംസ്‌ഥാനനേതൃത്വം. എന്‍.ഡി.എയിലേക്ക്‌ ഏതൊക്കെ പാര്‍ട്ടികളെ ക്ഷണിക്കണമെന്നു പരിശോധിക്കാന്‍ നേരത്തേ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രിസ്‌ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി. കാലങ്ങളായി ശ്രമിച്ചുവരുകയാണ്‌ പി.സി. തോമസിനെയും അല്‍ഫോന്‍സ്‌ കണ്ണന്താനത്തെയും വച്ചുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഒരുകാലത്തു ജോസ് കെ മാണിയുടെ പേരിൽ കെഎം മാണിയിൽ നിന്നകന്ന പിടി ചാക്കോയുടെ മകനും ബന്ധുവുമായ പിസി തോമസ് ഈ ഘട്ടത്തിൽ ജോസ് കെ മാണിക്കും ബിജെപിക്കുമിടയിലെ പാലമായി പ്രവർത്തിക്കുന്നുണ്ട് .ഭാവിയിൽ പിസി തോമസ് ജോസ് പക്ഷത്തിൽ ലയിച്ചാലും (ജോസ് പക്ഷം എൻഡിഎയിലെത്തിയാൽ മാത്രം ) അത്ഭുതമില്ല.