മാര്‍ത്തോമ്മസഭാദ്ധ്യക്ഷന്‍ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അന്തരിച്ചു

തിരുവല്ല : മാര്‍ത്തോമ്മസഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാർത്തോമ്മ (89)​ മെത്രാപ്പോലീത്ത അന്തരിച്ചു. ഇന്നു പുലർച്ചെ 2.38 നായിരുന്നു അന്ത്യം. മാര്‍ത്തോമ്മസഭയുടെ 21ാമത്​ മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലര്‍ച്ചെ 2.38ന്​ തിരുവല്ല ബിലീവേഴ്​സ്​ ചര്‍ച്ച്‌​ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. രോഗം കലശലായതിനെ തുടര്‍ന്ന്​ ഒക്​ടോബര്‍ 12ന്​ ഡോ. ഗീവര്‍ഗീസ്​ മാര്‍ തിയഡോഷ്യസ്​ സഫ്രഗന്‍ മെത്രാപൊലീത്തയുടെ നേതൃത്വത്തില്‍ തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.

2007 ഒക്ടോബര്‍ രണ്ടിനാണ്​​ സഭയുടെ മെത്രാപ്പോലീത്തയായി ജോസഫ്‌ മാര്‍ത്തോമ്മ എന്ന പേരില്‍ അദ്ദേഹം സ്​ഥാനമേറ്റത്​. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‍പാന്‍റെ കുടുംബമായ മാരാമണ്‍ പാലക്കുന്നത്തു തറവാട്ടില്‍ പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി 1931 ജൂണ്‍ 27-ന് ജനനം. പി.ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളജില്‍ ബിഡി പഠനത്തിനു ചേര്‍ന്നു.

1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്​ക്കോപ്പായായും അഭിഷിക്തനായി.

1999 മാര്‍ച്ച്‌ 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ഫിലിപ്പോസ് മാര്‍ ക്രിസോസ്​റ്റം ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സഭാ പരമാദ്ധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ, ജോസഫ് മാര്‍ത്തോമ്മ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ 21ആമനായി വാഴിക്കുകയായിരുന്നു