സീരി A ; ക്രിസ്റ്റ്യാനോ ഇല്ലാത്ത യുവന്റസ് ജയിക്കാൻ മറന്നു

ക്രോട്ടോണെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് സീരി എ മത്സരത്തില്‍ സമനില. കൊറോണ കാരണം ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളിക്കാതിരുന്നത്. ഇന്ന് ക്രോട്ടോണെയെ നേരിട്ട യുവന്റസ് ഒരു ഗോളിന് പിറകില്‍ പോയ ശേഷം പൊരുതി 1-1 എന്ന സമനില നേടുകയായിരുന്നു. 12ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു ക്രോട്ടോണെ മുന്നില്‍ എത്തിയത്. ന്വാങ്ക്വോ ആണ് ഗോള്‍ നേടിയത്.

21ആം മിനുട്ടില്‍ മൊറാട്ടയിലൂടെ സമനില ഗോള്‍ നേടാന്‍ യുവന്റസിനായി. ഈ സീസണില്‍ യുവന്റസില്‍ എത്തിയ ചിയേസയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മൊറാട്ടയുടെ ഫിനിഷ്. അരങ്ങേറ്റത്തില്‍ തന്നെ അസിസ്റ്റ് നേടിയ ചിയേസ പക്ഷെ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയി. അറുപതാം മിനുട്ടില്‍ ആയിരുന്നു ചിയേസ ചുവപ്പ് കണ്ടത്. അതിനു ശേഷം പത്ത് പേരുമായി കളിച്ച യുവന്റസിന് വിജയ ഗോള്‍ കണ്ടെത്തുക പ്രയാസമായിരുന്നു. ലീഗില്‍ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 8 പോയിന്റുമായി നാലാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.