കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ എസ്​. ബൊമ്മൈക്ക്​ കോവിഡ്​

ബാംഗ്ലൂർ : കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ എസ്​. ബൊമ്മൈക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ബസവരാജിന്റെ വസതിയില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ്​ മന്ത്രിയും പരിശോധനക്ക്​ വിധേയനായത്​.

അടുത്തിടെ ​താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ കോവിഡ്​ പരിശോധന നടത്തുകയും ഉചിതമായ മുന്‍കരുതലെടുക്കുകയും ചെയ്യണമെന്നും ബസവരാജ്​ ട്വീറ്റ്​ ചെയ്​തു.

കര്‍ണാടകയില്‍ ഇതുവരെ 4.68 ലക്ഷം പേര്‍ക്ക്​ കോവിഡ്​ ബാധിക്കുകയും 7,384 പേര്‍ മരിക്കുകയും ചെയ്​തു.