കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ കേജരിവാൾ രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച്‌ കേജരിവാൾ സര്‍ക്കാര്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാനാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തിലാണ് സൗജന്യ റേഷന്റെ കാര്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഡല്‍ഹിയിലെ 72 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കേജരിവാൾ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ രണ്ട് മാസം തുടരുമെന്നല്ല ഇതിന്റെ അര്‍ത്ഥമെന്നും കേജരിവാൾ വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു. ഇതിന് പുറമേ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപയുടെ സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് പാവങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം.