പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ ഓൺലൈനിൽ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ് 29 വൈകിട്ട് അഞ്ചുമണി മുതല്‍ സ്വീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://www.hscap.kerala.gov.in എന്ന വെബ്സെറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഏകജാലക അപേക്ഷയാണ് സമര്‍പ്പിക്കാന്‍ സാധിക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. മുന്‍ വര്‍ഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടി വരില്ല. അപേക്ഷ സമര്‍പ്പണത്തിനു ശേഷം മൊബൈല്‍ വണ്‍ ടൈം പാസ്വേഡ് നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ വാങ്ങണം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവഴിയായിരിക്കും.